india

ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കിയതില്‍ നഷ്ടപരിഹാരം; 5,000 മുതല്‍ 10,000 വരെ, കൂടാതെ ട്രാവല്‍ വൗച്ചറും

By webdesk18

December 11, 2025

വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് 5,000 മുതല്‍ 10,000 വരെ തുക നല്‍കും. പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച യാത്രക്കാര്‍ക്ക് 10,000 വിലവരുന്ന ട്രാവല്‍ വൗച്ചറുകളും ഇന്‍ഡിഗോ നല്‍കും.

ഈ വൗച്ചറുകള്‍ അടുത്ത 12 മാസം കാലയളവില്‍ ഇന്‍ഡിഗോയുടെ ഏത് യാത്രക്കും ഉപയോഗിക്കാവുന്നതാണ്. ഡിസംബര്‍ 3, 4, 5 തീയതികളില്‍ നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയ സംഭവത്തെത്തുടര്‍ന്ന്, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഡിജിസിഎ ആസ്ഥാനത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഡിജിസിഎ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചത്.

പ്രതിസന്ധി പരിഹരിക്കുംവരെ, ഈ സംഘത്തില്‍ നിന്നുള്ള രണ്ട് പേര്‍ ദിവസവും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ സാന്നിദ്ധ്യം ഉറപ്പാക്കും. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയും ഇന്‍ഡിഗോയെ നിര്‍ദേശിച്ചിട്ടുണ്ട്. 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ പ്രതിദിനം ഏകദേശം 400 സര്‍വീസുകള്‍ കുറയുന്ന സാഹചര്യമാണിപ്പോള്‍ ഉണ്ടാകുന്നത്.