ബംഗളൂരു: കര്‍ണാടകത്തിലെ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്. ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രണ്ടു മിനിറ്റും 41 സെക്കന്റും ദൈര്‍ഘ്യമുള്ള ശബ്ദരേഖ പുറത്തുവിട്ടത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതിന് ബി.ജെ.പി നാടകമാണ് ഇതിലൂടെ പൊളിഞ്ഞത്. ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും ബി.ജെ.പി മുന്‍മന്ത്രിയും അനധികൃത ഖനനക്കേസിലെ പ്രതിയുമായ ജനാര്‍ദ്ദന റെഡ്ഡിയാണ് ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനായി കോണ്‍ഗ്രസ് എം.എല്‍.എയെ ഫോണില്‍ വിളിച്ചത്.
കോണ്‍ഗ്രസിന്റെ റായ്ചുര്‍ റൂറല്‍ എം.എല്‍.എ ബസവനഗൗഡ ദഡ്ഡലിനോട് റെഡ്ഡി സഹോദരന്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. ബി.ജെ.പി ദേശീയ നേതൃത്വത്തിനു വേണ്ടിയാണ് റെഡ്ഡി സഹോദരന്‍ എം.എല്‍.എയെ വിളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജനാര്‍ദന്‍ സാറിനോട് സംസാരിക്കാന്‍ താങ്കള്‍ക്കിപ്പോള്‍ സമയമുണ്ടോ എന്നൊരു പുരുഷശബ്ദം എം.എല്‍.എയോട് ചോദിച്ചാണ് സംഭാഷണം ആരംഭിക്കുന്നത്.
ശബ്ദരേഖയില്‍ നിന്ന്:
ദഡ്ഡല്‍: പറയൂ.
റെഡ്ഡി: താങ്കളിപ്പോള്‍ ഫ്രീയാണോ?
ദഡ്ഡല്‍: അതെ.
റെഡ്ഡി: മുമ്പുനടന്ന മോശം കാര്യങ്ങളെല്ലാം മറന്നേക്കൂ. എന്റെ നല്ലസമയം തുടങ്ങി. ദേശീയാധ്യക്ഷനടക്കമുള്ള വലിയ ആളുകള്‍ താങ്കളോടൊപ്പമിരുന്ന് സംസാരിക്കും. നിങ്ങള്‍ക്കെന്ത് സ്ഥാനമാണ് വേണ്ടത്, നിങ്ങള്‍ക്കെന്താണ് വേണ്ടത്. നമുക്കത് ഓരോന്നിനെക്കുറിച്ചും സംസാരിക്കാം. അതിനുശേഷം നമുക്ക് ഭാവിനടപടികള്‍ സ്വീകരിക്കാം.
ദഡ്ഡല്‍: വേണ്ട സാര്‍. എന്റെ ഏറ്റവുംമോശം സമയത്ത് അവരാണെന്നെ എം.എല്‍.എ.യാക്കിയത്. അവരാണെന്റെ കൈപിടിച്ച് ഈനിലയിലെത്തിച്ചത്.
റെഡ്ഡി: ഞാന്‍ താങ്കളോട് ഒരുകാര്യം പറയാം. ഞങ്ങളാണ് ബി.എസ്.ആര്‍. കോണ്‍ഗ്രസ് രൂപവത്കരിച്ചത്. അതും സമയവും സാഹചര്യവും വളരെ മോശമായിരുന്നപ്പോള്‍, ഞങ്ങള്‍ക്കെതിരായിരുന്നപ്പോള്‍. എനിക്കറിയാം താങ്കളുടെ ഒട്ടേറെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞെന്ന്. എന്നാല്‍, താങ്കള്‍ക്ക് 100 മടങ്ങ് കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ഞാന്‍ താങ്കളെ ഹൈക്കമാന്‍ഡിനുമുന്നിലിരുത്താം. എന്നിട്ട് അവരോട് ഓരോരുത്തരോടും സംസാരിക്കാം. വാക്കു പാലിക്കുന്നതുകൊണ്ടാണ് അവരിന്ന് രാജ്യം ഭരിക്കുന്നത്. താങ്കളെന്തൊക്കെ സ്വത്താണോ നേടിയത്, അതിന്റെ നൂറുമുടങ്ങ് താങ്കള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
ദഡ്ഡല്‍: എന്നോട് ക്ഷമിക്കണം സാര്‍. എന്റെ ഏറ്റവും മോശംസമയത്ത് അവരാണെന്നെ ടിക്കറ്റ് നല്‍കി ജയിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്കവരെ വഞ്ചിക്കാനാവില്ല. ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു.
Karnataka #FloorTest
Congress releases alleged audio of Janardhan Reddy luring its MLA. Listen in.#NewsToday Live at https://t.co/4fqxBVUizL pic.twitter.com/vB8H4A3U4w— India Today (@IndiaToday) May 18, 2018
വീഡിയോ കടപ്പാട്: ഇന്ത്യടുഡേ
Be the first to write a comment.