കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് നല്‍കിയത് മുന്നണിയെ ശക്തിപ്പെടുത്താനാണെന്നും നേതൃത്വമെടുത്ത തീരുമാനത്തോട് യോചിക്കുന്നതായും കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. യു.ഡി.എഫിന്റെ വിശാല കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും നേരത്തെയും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും കോഴിക്കോട്ഡി.സി.സി പ്രസിഡന്റ് അഡ്വ ടി.സിദ്ദീഖും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി യു.ഡി.എഫിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണ്. ദീര്‍ഘകലാടിസ്ഥാനത്തിലുള്ള ഗുണപരമായ നീക്കമാണ് ഇതെന്നും നേതാക്കള്‍ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഈമാസം 20ന് 10മണിക്ക് കോഴിക്കോട് ഡിസിസിയില്‍ ചേരുമെന്ന് അഡ്വ ടി സിദ്ദീഖ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാധാരണ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിനായി മണ്ഡലം, ബ്ലോക്ക് യേഗങ്ങള്‍ ചേരും. ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പാര്‍ലിമെന്ററി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വാതില്‍തുറന്നിടുന്നതായി പറയുന്ന ബി.ജെ.പിയ്ക്ക് ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതുവരെയായി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകെ സ്വീകരിക്കാനുള്ള കട്ടില്‍ ബി.ജെ.പിയും സി.പി.എമ്മും സ്വയം മടക്കിവെക്കുന്നതാണ് നല്ലതെന്നും സിദ്ദീഖ് പറഞ്ഞു.

നിയമസഭയിലെ അംഗബലമനുസരിച്ച് കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നവര്‍ ഈ കാര്യം വിസ്മരിക്കരുത്. ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിയുടെ ഗുണത്തിനല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൂട്ടരാജി സംസ്ഥാന കമ്മിറ്റി നിരാകരിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.ടി നിഹാല്‍ അടക്കം ജില്ലാകമ്മിറ്റിയുടെ മുഴുവന്‍ അംഗങ്ങളും വ്യാഴാഴ്ച രാജിവെച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്‌സല്‍ അത്തോളി, കെ.പി.സി.സി സെക്രട്ടറി അഡ്വ കെ.പ്രവീണ്‍കുമാര്‍, അഡ്വ. പി.എം നിയാസ് സംബന്ധിച്ചു.