തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച എ.സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കെടുക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി. മുഖ്യമന്ത്രിക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പി.മാരെ വിശ്വാസമില്ലെന്നും എം.പി.മാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എം.പിക്കുണ്ടോയെന്നും കെ.മുരളീധരന്‍ ചോദിച്ചു.

തിരഞ്ഞെടുക്കപ്പെട്ട എം.പിമാരെ മാറ്റി നിര്‍ത്താനുള്ള നടപടി സമ്പത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും. വ്യക്തിപരമായി സമ്പത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഈ പദവി ഏറ്റെടുക്കേണ്ടിയിരുന്നില്ല മുരളീധരന്‍ വ്യക്തമാക്കി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ട എ. സമ്പത്തിനെ കഴിഞ്ഞ ദിവസമാണ് കേരള സര്‍ക്കാറിന്റെ ലെയ്‌സണ്‍ ഓഫീസറായി കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചത്.