പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ മാനിക്കാതെ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്ല് ജനവിരുദ്ധമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.
ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന്റെ വികാരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഈ ബില്ലിലൂടെ കൂടുതല്‍ നിയന്ത്രണം കേന്ദ്രത്തിന് വരികയാണ്. പദ്ധതിയിലുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
വിബിജി റാംജി എന്ന പുതിയ ബില്ലില്‍ കേന്ദ്ര വിഹിതം 90 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ചുരുക്കി, സംസ്ഥാന വിഹിതം 10 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തുന്നതാണ് ഭേദഗതി. തൊഴില്‍ ദിനം 100ല്‍ നിന്ന് 125 ആക്കുകയും, കൂലി ഒരാഴ്ചക്കുള്ളില്‍ നല്‍കാനായില്ലെങ്കില്‍ സംസ്ഥാനം തൊഴിലില്ലായ്മ വേതനം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ നല്‍കേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിക്കുന്ന പഞ്ചായത്തുകളില്‍ മാത്രം ജോലി നല്‍കുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ നാളെ രാജ്യ വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.