കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ രാവിലെ എട്ടരയോടെയാണ് സംഭവം.

ആയുധധാരികളായ സംഘം സ്‌റ്റേഷനുള്ളിലേക്ക് വലിച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് പൊലീസുകാരന്‍ മരിച്ചത്. ഭീകരസംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് പറയാനാകില്ലെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മറഞ്ഞുവെന്നും പൊലീസുകാര്‍ പറയുന്നു.

വാചി മണ്ഡലത്തിലെ എംഎല്‍എ ആയ ഐജാസ് അഹ്മദ് മിറിന് സുരക്ഷ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനന്ത് നാഗ്, ബുദാം, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ സൈന്യവും ഭീകരരുമായി ഏറ്റമുട്ടലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.