ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ എടുത്ത 51 പേര്‍ക്കാണ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഒരാളുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ചതിനു എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് എയിംസില്‍ തന്നെ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

മറ്റുള്ള 51 കേസുകളില്‍ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിട്ടില്ല. അല്‍പ നേരത്തെ നിരീക്ഷണം മാത്രമേ ആവശ്യമായുള്ളുവെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.