ഡല്‍ഹി: രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 15 ദിവസമായി തുടര്‍ച്ചയായി കുറയുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,22,426 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അവര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ 33,53,765 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ 13 ശതമാനം മാത്രമാണിത്. മെയ് 13 ന് രാജ്യത്തെ ആക്ടീവ് കേസുകളുടെ നിരക്ക് 17 ശതമാനം ആയിരുന്നുവെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

പ്രതിദിനം 10,000ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന എട്ട് സംസ്ഥാനങ്ങളാണ് നിലവില്‍ രാജ്യത്തുള്ളത്. 26 സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണം.

2,63,553 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.