കാസര്‍കോട്: കാസര്‍കോട് ഉദുമ തൃക്കണ്ണാട് 12 കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെട്രോള്‍ പമ്പിന് സമീപത്തെ പ്രസാദ് അശ്വതി ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് പ്രസാദാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് അരമണിക്കൂറിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് കുട്ടി കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ പിതാവിന്റെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി വാശിപിടിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം നാട്ടിലുള്ളതിനാല്‍ മാതാവ് പോകുന്നത് വിലക്കിയിരുന്നു. ഇതില്‍ മനംനൊന്തായിരിക്കാം കുട്ടി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ വച്ച് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇനി ഇന്‍ക്വസ്റ്റ് നടത്തണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ലഭിക്കണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കും. മരണ വിവരമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവ് പ്രസാദ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിഘ്‌നേഷിന് രണ്ട് സഹോദരിമാരുണ്ട്.