ഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,68,912 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍ 11.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആയി. ഇന്നലെ 75,086 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1,21,56,529 ആയി. നിലവില്‍ 12,01,009 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 10 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് മരണം 900 കടക്കുന്നത്.