ഗ്‌ലാസ്, പ്ലാസ്റ്റിക് എന്നിവയെ അപേക്ഷിച്ച് തുണിയിലും പേപ്പറിലും കൊറോണവൈറസ് കുറച്ചു സമയം മാത്രമേ തങ്ങി നില്‍ക്കൂ എന്ന് ബോംബെ ഐ ഐ ടി ഗവേഷകര്‍.

കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് ശ്വസന കണികകളിലൂടെയാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്. ഇത് പതിക്കുന്ന പ്രതലങ്ങള്‍ അണുബാധ വ്യാപിക്കാന്‍ കാരണമാകുന്നു. സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ പ്രതലങ്ങളില്‍ ഈ കണികകള്‍ പതിച്ചാല്‍ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് ‘ഫിസിക്‌സ് ഓഫ് ഫഌയിഡ്‌സ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്തു.

സുഷിരങ്ങളുള്ള പ്രതലങ്ങളില്‍ ദ്രാവക രൂപത്തില്‍ കണികകള്‍ വളരെ കുറച്ചു സമയം മാത്രമേ നില്‍ക്കുന്നുള്ളൂ എന്നു കണ്ടു. അതുകൊണ്ടുതന്നെ വൈറസ് ഏറെ നേരം ഈ പ്രതലങ്ങളില്‍ നിലനില്‍ക്കില്ല.
എന്നാല്‍ ഗ്ലാസ് പ്രതലത്തില്‍ നാലു ദിവസവും പ്ലാസ്റ്റിക്കിലും സ്‌റ്റെയ്ന്‍ലെസ് സ്റ്റീലിലും ഏഴു ദിവസവും വൈറസിന് നിലനില്‍ക്കാനാകുമെന്നും പഠനത്തില്‍ കണ്ടു.

ഹോസ്പിറ്റലുകളിലെയും ഓഫീസുകളിലെയും ഗ്ലാസ്, സ്‌റ്റെയ്ന്‍ലെസ്സ്റ്റീല്‍ അല്ലെങ്കില്‍ ലാമിനേറ്റഡ് വുഡ് എന്നിവ കൊണ്ടുണ്ടാക്കിയ ഫര്‍ണിച്ചറുകള്‍ തുണി കൊണ്ട് മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ബോംബെ ഐഐടി ഗവേഷകനായ സംഘമിത്രോ ചാറ്റര്‍ജി പറയുന്നു.

ശ്വസന കണികകളിലെ ദ്രാവക അംശം 99.9 ശതമാനവും എല്ലാ പ്രതലങ്ങളില്‍ നിന്നും ഏതാനും മിനിറ്റ് കൊണ്ട് ബാഷ്പീകരിച്ചു പോകുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ സൂക്ഷ്മമായ ദ്രാവക പാളി ഈ പ്രതലങ്ങളില്‍ അവശേഷിക്കും. ഇതില്‍ വൈറസിന് നില നില്‍ക്കാനാകുമെന്ന് കണ്ടു.

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ നോട്ട് ബുക്കുകള്‍ കൈമാറുമ്പോഴും കറന്‍സി നോട്ടുകള്‍ കൈമാറുമ്പോഴും എല്ലാം മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ഗവേഷകര്‍ പറയുന്നു.