ഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ബയോടെക്കിന്റെയും അപേക്ഷകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തളളിയത്. ഇന്ന് ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിന്റെതാണ് തീരുമാനം.സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആവശ്യത്തിനു രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു സമിതി അപേക്ഷകള്‍ തള്ളിയത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് അപേക്ഷകള്‍ പരിഗണിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ഭാരത് ബയോടെക്് എന്നീ കമ്പനികളാണ് അപേക്ഷ നല്‍കിയിരുന്നത്. ഫൈസറിന്റെ അപേക്ഷ ഇന്നു പരിഗണിച്ചില്ലെന്നാണു സൂചന. ഇതു സാധാരണ നടപടിക്രമം മാത്രമാണെന്നും ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടി നീണ്ടേക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വാക്‌സീന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച അമേരിക്കന്‍ കമ്പനിയായ ഫൈസറാണ് ആദ്യമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അപേക്ഷ നല്‍കി.

ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്‌സ്ഫഡ് സര്‍വകലാശാലയോടും ബ്രിട്ടീഷ് മരുന്നു നിര്‍മാതാക്കളായ ആസ്ട്രസെനക്കയോടും ചേര്‍ന്നാണ് ‘കോവിഷീല്‍ഡ്’ വാക്‌സീന്‍ വികസിപ്പിക്കുന്നത്. യുകെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സീന്‍ 90 ശതമാനത്തോളം ഫലപ്രദമാണെന്നു ആസ്ട്രസെനക്ക അവകാശപ്പെട്ടിരുന്നു്.