ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ വിതരണത്തിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരാണ് സമിതികള്‍ രൂപീകരിക്കേണ്ടത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റുപ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ വിതരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് സമിതികള്‍ രൂപീകരിക്കുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി (എസ്എസ്‌സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കര്‍മസമിതി (എസ്ടിഎഫ്), ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡിടിഎഫ്) എന്നിവ രൂപവത്കരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

വാക്‌സിന്‍ നിര്‍മാണം പൂര്‍ത്തിയായാലും രാജ്യം മുഴുവന്‍ ഇത് വിതരണം ചെയ്യാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക. ഇത് സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായാണ് സംസ്ഥാനജില്ലാ തല സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, വിതരണ ശൃംഖലകള്‍ തയ്യാറാക്കുക, ഓരോ പ്രദേശങ്ങളിലെയും യാത്രാബുദ്ധിമുട്ടുകള്‍ കണ്ടെത്തി പരിഹാരം കാണുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം.