ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പിന് ഔപചാരിക തുടക്കം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പ്രതിരോധ കുത്തിവയ്പ്പിന്റെ ഔപചാരിക തുടക്കം കുറിച്ചത്. എയിംസിലെ ശുചീകരണ തൊഴിലാളിയായ മനിഷ് കുമാറാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നാലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.

നേരത്തെ വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയ്ക്ക് ഉദ്ഘാടനം ചെയ്തു. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിനേഷന്‍ സമയം. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീല്‍ഡിനാണ് മുന്‍ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ കൊടുക്കരുത്. ഒരേ വാക്‌സിന്‍ തന്നെ രണ്ട് തവണയും നല്‍കണം എന്നിങ്ങനെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.