ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവിധ നഗരങ്ങളിലായി നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയെ നയിക്കുന്ന ക്രുനാല്‍ പാണ്ഡ്യ, പിതാവിന്റെ മരണത്തെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. താരം ടീം ക്യാംപ് വിട്ടതായി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. അദ്ദേഹം ഇനി ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധ്യതയില്ല.
അതേസമയം, ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ അംഗമായിരുന്ന ഇളയ മകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന പാണ്ഡ്യ, ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
പാണ്ഡ്യ സഹോദരന്‍മാരുടെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പിതാവ് ഹിമാന്‍ഷു പാണ്ഡ്യ. ഇക്കാര്യം ഇരുവരും അഭിമുഖങ്ങളില്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സൂറത്തില്‍ ബിസിനസ് നടത്തിയിരുന്ന ഹിമാന്‍ഷു, അത് ഉപേക്ഷിച്ചാണ് മക്കളുടെ ക്രിക്കറ്റ് കരിയര്‍ മാത്രം ലക്ഷ്യമിട്ട് വഡോദരയിലേക്ക് താമസം മാറിയത്.
Be the first to write a comment.