ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകള്‍ക്കും ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹോങ്കോങ്ങിന്റെ നടപടി. ചൊവ്വാഴ്ച മുതല്‍ മെയ് മൂന്നു വരെയുള്ള എല്ലാ ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്കും ഹോങ്കോങ്ങില്‍ വിലക്ക് തുടരും. പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ഹോങ്കോങ് ഈ കാലയളവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വിസ്താര വിമാനങ്ങളില്‍ ഈ മാസം എത്തിച്ചേര്‍ന്ന അമ്പതോളം യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹോങ്കോങ്ങിന്റെ നടപടി. വിസ്താരയുടെ എല്ലാ സര്‍വീസുകള്‍ക്കും മേയ് രണ്ട് വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.