കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. പാര്‍ടി ചെയര്‍മാന്‍ കെ.എം മാണി വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത വെളിവാക്കുന്നതായി.

ചരല്‍ക്കുന്ന് ക്യാമ്പില്‍ എല്ലാവരും കെ.എം മാണിക്കൊപ്പം നിന്നെങ്കിലും യുഡിഎഫ് വിടുന്നതിനോട് ജോസഫ് ഗ്രൂപ്പിന് താല്പര്യമുണ്ടായിരുന്നില്ല. തല്‍ക്കാലം വിട്ട് നിന്നാലും യുഡിഎഫിലേക്ക് തിരികെ വരണമെന്ന നിലപാടാണ് ജോസഫ് പക്ഷം ആദ്യം മുതല്‍ സ്വീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലെ ധാരണ തുടരണമെന്ന തീരുമാനമെടുത്തത് ഇവരുടെ കൂടി സമ്മര്‍ദ്ദം കൊണ്ടായിരുന്നു. മുന്നണി വിട്ട് ഒറ്റക്ക് നില്‍ക്കുമ്പോഴും യുഡിഎഫുമായി നല്ല ബന്ധമാണ് പി.ജെ ജോസഫ് കാത്തുസൂക്ഷിച്ചത്. അദ്ദേഹത്തിന്റെ തട്ടകമായ തൊടുപുഴയിലടക്കം കോണ്‍ഗ്രസുമായും യുഡിഎഫുമായും നല്ല ബന്ധം തുടരാനായി.
കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന വികാരമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. ഇതിനിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ മുന്‍ധാരണ തെറ്റിച്ച് സിപിഎം പിന്തുണയോടെ അധികാരം പിടിച്ചെടുതും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചതും. മാണിക്കെതിരെ കോട്ടയം ഡിസിസി പ്രമേയം പാസാക്കുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍.
ചരല്‍ക്കുന്നില്‍ പാര്‍ടിയെ ഒന്നടങ്കം പിന്നില്‍ അണിനിരത്തിയ കെഎം മാണിക്ക് ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല. നേതൃത്വം അറിയാതെ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ കൂടിയെടുത്ത തീരുമാനം മാത്രമാണിതെന്ന് കെ.എം മാണിയും ജോസ് കെ മാണിയും പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കഴിയുന്നില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചരല്‍ക്കുന്നിലെ പ്രഖ്യാപനങ്ങള്‍ക്കെതിരാണെന്ന് ഇവര്‍ വാദിക്കുന്നു. കെ.എം മാണിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ നിന്ന് പി.ജെ ജോസഫ് വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കി. കോട്ടയത്തെ കൂട്ടുകെട്ടിനെതിരെ ഇന്നലെയും പി.ജെ ജോസഫും മോന്‍സ് ജോസഫും പര്‌സ്യമായി പ്രതികരിച്ചിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ യോഗം ചേരുന്നുണ്ട്. ഇതില്‍ പങ്കെടുത്ത് നിലപാടുകള്‍ തുറന്ന് പറയാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.
കോണ്‍ഗ്രസ് കെ. എം മാണിക്കും മകനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചതോടെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായേക്കാം. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച് ഇരു പാര്‍ട്ടികളും ഒന്നായെങ്കിലും രണ്ടു ചേരികള്‍ പാര്‍ടിയിലുണ്ട് എന്നതാണ് വാസ്തവം. ഇവ തമ്മിലുള്ള ബലാബലത്തിന് ഇപ്പോഴത്തെ രാഷ്ട്രീ വിവാദങ്ങള്‍ വഴിവയ്ക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേ സമയം മാണി വിഭാഗത്തിലും നല്ലൊരു ശതമാനം നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മുമായുള്ള ബന്ധത്തിനെതിരാണ്.
ബാര്‍ കോഴ ആരോപണമുയര്‍ത്തി കെ.എം മാണിക്കെതിരെ നിയമസഭയിലും പുറത്തും ആഞ്ഞടിച്ച സി പി എം് പുതിയ കൂട്ട് കെട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാനാകാതെ മൗനത്തിലാണ്. സി.പി.ഐയാകട്ടെ കിട്ടിയ അവസരം മുതലെടുത്ത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.