കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥികളുടെ ചിരിവിടര്‍ന്ന മുഖങ്ങള്‍ പോസ്റ്ററുകളില്‍ മിന്നിമറയുമ്പോഴും ഇടതുമുന്നണിയിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് പോസ്റ്ററില്‍ മുഖമില്ല. ഭര്‍ത്താവിനോട് ചേര്‍ത്തി പേര് മാത്രം.

ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ നിന്ന് ജനവിധി തേടുന്ന ഇടതു മുന്നണിയുടെ വനിതാ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി പുറത്തിറക്കിയ പോസ്റ്ററിലാണ് മുഖമില്ലാതെ പോയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു നിലപാട് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ ഭാര്യയെ തഴഞ്ഞാണ് ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.