X

കോണ്‍ഗ്രസ് ബന്ധം: ബന്ധം വേണമെന്ന ആവശ്യത്തിലുറച്ച് യെച്ചൂരി; നിലപാട് തള്ളി കേന്ദ്ര കമ്മിറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. സമവായത്തിന് തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം വ്യക്തമാക്കി. എന്നാല്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലും വോട്ടെടുപ്പില്ലാതെയാണ് സി.സി തീരുമാനമെടുത്തത്. പി.ബിയില്‍ വെച്ച രേഖയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിഷയം അടുത്ത സിസിയില്‍ ഉന്നയിക്കുമെന്നും ബംഗാള്‍ഘടകം വ്യക്തമാക്കി.

കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്നായിരുന്നു കാരാട്ട് വിഭാഗത്തിന്റെ വാദം. എന്നാല്‍ സഹകരണം പൂര്‍ണ്ണമായും തള്ളരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ നിലവിലെ സ്ഥിതി മാറ്റേണ്ടെന്ന നിലപാടിലുറച്ച് കേരളഘടകവും നിലയുറപ്പിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പിണറായി വിജയന്‍ പിന്തുണക്കുമ്പോള്‍ യെച്ചൂരിയുടെ നിലപാടിനൊപ്പമാണ് തോമസ് ഐസക്കും വി.എസ് അച്ചുതാനന്ദനും. വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി.എസ് അച്യൂതാനന്ദന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്നായിരുന്നു വിഎസിന്റെ ആവശ്യം.

മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്. പാര്‍ട്ടി കാലാനുസൃതമായ നിലപാടെടുക്കണമെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയിലാണ് ഇത് ആവശ്യപ്പെടുന്നതെന്നും വിഎസ് പറഞ്ഞു. ഇന്ത്യ നേരിടുന്നത് വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയാണ്. ഇതു നേരിടുന്നതിന് പ്രഥമപരിഗണന നല്‍കണം. ജനവിശ്വാസം വീണ്ടെടുത്ത് വ്യത്യസ്തമായ പാര്‍ട്ടിയെന്ന് തെളിയിക്കണമെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

chandrika: