ഭോപ്പാല്‍: മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ കുറിച്ച് വിശദീകരണവുമായി പൊലീസ്. കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഭോപ്പാല്‍ അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെങ്കിലും കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് ആദ്യഘട്ടത്തില്‍ മനസിലായിരുന്നില്ല. കുഞ്ഞിനെ രാത്രിയില്‍ ഉപേക്ഷിച്ചതിന് ശേഷം മൃഗങ്ങള്‍ ആക്രമിച്ചതാകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ഫോറന്‍സിക് സര്‍ജന്‍ വിശദമായ മൃതദേഹപരിശോധന നടത്തിയതോടെയാണ് ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് കണ്ടെത്തിയത്.

സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് നൂറോളം തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പരിശോധനയില്‍ മനസിലായത്. ഇതോടെ കൊലപാതകക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.