പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി കുട്ടിക്ക് അച്ഛന്റെ മര്‍ദ്ദനമേറ്റിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമ്പഴയിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്. കഴിഞ്ഞ രണ്ടുദിവസമായി അച്ഛനില്‍ നിന്ന്് മകള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നതായി അമ്മ പൊലീസിനോട് പറഞ്ഞു. സ്ഥിരമായി കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്നും മൊഴിയില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അച്ഛനെ പൊലീസ് പിടികൂടുകയായിരുന്നു.