ഇഖ്ബാല്‍ കല്ലൂങ്ങല്‍
മലപ്പുറം: പൊന്നാനിലോക്‌സഭാമണഡലത്തില്‍ കനത്ത പരാജയം ഉറപ്പായതോടെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍ പി.വി അന്‍വര്‍ തന്നെ രംഗത്തെത്തിയത് സി.പി.എം, സി.പി.ഐ നേതാക്കളെ ഞെട്ടിച്ചു. സി.പി.ഐക്കാര്‍ തന്നെ പരാമാവധി ഉപദ്രവിച്ചുവെന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും അന്‍വര്‍ തുറന്നടിച്ചു. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ല. മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് പി.വി അന്‍വര്‍ ഇടതിനെ പ്രതിസന്ധിയിലാക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാലങ്ങളായി അന്‍വറും സി.പി.ഐയും തമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കമാണ് ഇതിലൂടെ മറനീക്കി പുറത്തെത്തിയിരിക്കുന്നത്. ഇടതിലെ കലഹങ്ങള്‍ സംബന്ധിച്ച് ചന്ദ്രിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് അടിയന്തരിമായി ഇടതുമുന്നണി യോഗം വിളിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കണക്ക് പുറത്തായതിനു പിന്നാലെയാണ് അന്‍വര്‍ മുന്നണി മര്യാദകള്‍ ലംഘിച്ച പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രസ്താവനകളും അഭിപ്രായങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും മുന്നണിയെയും പ്രതികൂലമായി ബാധിച്ചുവെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടും സി.പി.ഐക്കെതിരെ അന്‍വര്‍ മത്സരിച്ചിരുന്നു. ഇതിന്റെ മുറിവുകള്‍ ഇവര്‍ക്കിടയില്‍ ഇനിയും ഉണങ്ങിയിട്ടില്ല. പൊന്നാനിയില്‍ അന്‍വര്‍ മത്സരിക്കുന്നതില്‍ സി.പി.ഐ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ സി.പി.ഐയെ അവഗണിച്ചുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. നിരവധി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്നും മാറി നിന്നിരുന്നു. വലിയ സ്വപ്‌നങ്ങള്‍ നെയ്താണ് പൊന്നാനിയില്‍ അന്‍വറെത്തിയത്. എന്നാല്‍ തുടക്കത്തിലേ പൊന്നാനിയില്‍ ഒരു സാധ്യതയുമില്ലെന്ന് മാത്രമല്ല കനത്ത തോല്‍വിയായിരിക്കും ഫലമെന്ന് തിരിച്ചറിഞ്ഞു. എല്ലാ സര്‍വേകളും ഇത് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അന്‍വര്‍ നിലമ്പൂരില്‍ എം.എല്‍.എ പദവി രാജിവെക്കുമെന്ന ഭീഷണി മുഴക്കി ഇടതു മുന്നണിയെ വിശേഷിച്ച് സി.പി.എമ്മിനെ ആദ്യം വെട്ടിലാക്കിയത്. സി.പി.എമ്മിനെതിരെ പലതും പറയുമെന്നും ആഞ്ഞടിച്ചിരുന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനു ശക്തിപകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അന്‍വര്‍ പറഞ്ഞത് മുന്നണിയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. പൊന്നാനിയില്‍ ഇടതിന്റെയും സി.പി.എമ്മിന്റെയും പ്രമുഖ നേതാക്കളാരും പ്രചാരണത്തിനെത്താത്തതും അന്‍വര്‍ വിഭാഗത്തെ നിരാശയിലാക്കിയിരുന്നു. മലപ്പുറത്ത് പ്രചാരണത്തിനെത്തിയ വി.എസും പിണറായിയും മലപ്പുറത്തും വയനാട്ടിലും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യാര്‍ത്ഥിച്ചപ്പോള്‍ പൊന്നാനിയില്‍ ഇടതിനു വോട്ട് അഭ്യാര്‍ത്ഥിക്കാതിരുന്നതും വലിയ അസ്വാരസ്യങ്ങളുണ്ടാക്കി.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണണങ്ങളും കോടതി ഉത്തരവും വിവാദങ്ങളും ഇടതുമുന്നണിയെ ഏറെ ബാധിച്ചിരുന്നു. യു.ഡി.എഫ് പൊന്നാനിയില്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഓരോ ദിനവും അന്‍വറിന്റെ ഗ്രാഫ് താഴോട്ട് പോയികൊണ്ടിരുന്നു. ചരിത്ര തോല്‍വി ഉറപ്പായതോടെ ജനശ്രദ്ധതിരിക്കാന്‍ കൂടിയാണ് മുന്നണിക്കുള്ളില്‍ കലഹമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ അന്‍വര്‍ നിരന്തരം തുറന്നുവെക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു മുന്നണി എം.എല്‍.എയായ അന്‍വര്‍ ഘടകകക്ഷിയായ സി.പി.ഐക്കിതെരെയും റവന്യൂമന്ത്രിക്കെതിരെയും നടത്തിയ ആരോപണങ്ങളോട് സി.പി.ഐ അടുത്ത ദിവസം പ്രതികരിക്കും. തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ പി.വി അന്‍വര്‍ എം.എല്‍. എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് ഉടന്‍ വെള്ളം ഒഴുക്കിവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് അന്‍വറിനെ അസ്വസ്ഥമാക്കിയിരുന്നു. റവന്യൂ വകുപ്പ് തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന അന്‍വറിന്റെ വാദത്തിനു പിന്നില്‍ വിവിധ കേസുകളും ഉത്തരവുകളുമാണെന്നാണ് കരുതുന്നത്. സി.പി.ഐക്കെതിരെ ഒരു എം.എല്‍.എ ശക്തമായി പ്രതികരിച്ചത് ഇടത് സര്‍ക്കാറിനു വരും ദിനങ്ങളില്‍ കനത്ത തലവേദനയാകും.
പൊന്നാനിയെ ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു

Be the first to write a comment.