ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വീണ്ടും പെണ്‍കുഞ്ഞ്, മാതാവിനെ വെളിപ്പെടുത്തി താരം. കാമുകി ജിയോര്‍ജിന റോഡ്രിഗസ് പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കാമുകിയും മകനും പുതിയ കുഞ്ഞും ക്രിസ്റ്റ്യാനോയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് താന്‍ വീണ്ടും അച്ഛനായി വിവരം ലോകത്തെ അറിയിച്ചത്. അലന മാര്‍ട്ടിന എന്നാണ്  പെണ്‍കുഞ്ഞിന് പേരു നല്‍കിയത്. നാലു കുഞ്ഞുകളുടെ അച്ഛനായ ക്രിസ്റ്റിയാനോ ആദ്യ മൂന്നു കുഞ്ഞുങ്ങളുടെയും മാതാവിനെ വെളുപ്പെടുത്തിയിരുന്നില്ല.
ആദ്യമായാണ് തന്റെ ഒരു കുഞ്ഞിന്റെ അമ്മയെ ലോകത്തിന് മുന്നില്‍ ക്രിസ്റ്റിയാനോ പരിചയപ്പെടുത്തുന്നത്.
അലന മാര്‍ട്ടിന ജനിച്ചിരിക്കുന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ക്രിസ്റ്റിയാനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ ജൂണില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ക്രിസ്റ്റിയാനോ ഇവാ, മാറ്റിയോ ഇരട്ടകുട്ടികളുടെ അച്ഛനായിരുന്നു. എന്റെ ജീവിതത്തിലെ രണ്ടു പുതിയ സ്നേഹങ്ങളെക്കൂടി കൈകളിലേന്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു എന്നു പറഞ്ഞാണ് ക്രിസ്റ്റ്യാനോ തന്റെ ഇരട്ടകുട്ടികളെ വരവേറ്റിരുന്നത്. റൊണാള്‍ഡോയുടെ പ്രിയ പുത്രന്‍ ക്രിസ്റ്റ്യാനോ ജൂനിയറും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പിറവിയെടുത്തത്.