ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള ‘ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് സെഞ്ച്വറി’ പുരസ്‌കാരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബൈയിൽ നടന്ന ചടങ്ങിലാണ് താരം പുരസ്‌കാരം സ്വീകരിച്ചത്. ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡവ്‌സ്‌കിക്കാണ് 2020-ലെ മികച്ച ഫുട്‌ബോളർക്കുള്ള ഗ്ലോബ് പുരസ്‌കാരം.

ഓൺലൈനിലൂടെ നടന്ന വോട്ടിങ്ങിലാണ് ക്രിസ്റ്റിയാനോടെ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുത്തത്. 2020-ലെ മികച്ച ടീമായി ബയേൺ മ്യൂണിക്കിനെയും പരിശീലകനായി ഹാൻസ് ഡിറ്റർ ഫ്‌ളിക്കിനെയും തെരഞ്ഞെടുത്തു. നൂറ്റാണ്ടിന്റെ ക്ലബ്ബ് റയൽ മാഡ്രിഡും കോച്ച് പെപ് ഗ്വാർഡിയോളയുമാണ്. ജെറാഡ് പിക്വെ, ഇകേർ കസിയസ് എന്നിവർക്ക് പ്ലെയർ കരിയർ അവാർഡും നൽകി.

ദുബൈയിലെ ബുർജ് ഖലീഫയിൽ നടന്ന ചടങ്ങിൽ ലോക ഫുട്‌ബോളിലെയും പുറത്തെയും മികച്ച താരങ്ങൾ സംബന്ധിച്ചു. ലിവർപൂൾ ഇതിഹാസം ഇയാൻ റഷ്, ബാഴ്‌സലോണ ഡിഫന്റർ ജെറാഡ് പിക്വെ, ലെവൻഡവ്‌സ്‌കി, മുൻ ലോക ബോക്‌സിങ് ചാമ്പ്യൻ ആമിർ ഖാൻ തുടങ്ങിയവർ സന്നിഹിതരായി.

പ്രൊഫഷണൽ ഫുട്‌ബോളിൽ താൻ ഇരുപതു വർഷം പിന്നിടുകയാണെന്നും ഈ നേട്ടം ഏറെ സന്തോഷം നൽകുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

‘ഇതൊരു അസാമാന്യമായ നേട്ടമാണ്. മുന്നോട്ടു പോകാനുള്ള പ്രചോദനം ഇതെനിക്ക് നൽകുന്നു. ഏറ്റവും മികച്ച താരമെന്ന പേര് ലഭിക്കുക എന്നത് വലിയ ബഹുമതിയാണ്. ഇപ്പോഴത്തെ സാഹചര്യം മാറുകയും അടുത്തവർഷം കൂടുതൽ സന്തോഷം നമുക്കെല്ലാം ഉണ്ടാവുകയും ചെയ്യട്ടെ. ഇനിയും കൂടുതൽ വർഷങ്ങൾ കളിക്കണമെന്നാണ് എന്റെ ആഗ്രഹം.’ –

ക്രിസ്റ്റ്യാനോ പറഞ്ഞു.