തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്തതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചോദിച്ചു.
സ്വര്‍ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗത്ത് നിന്ന് പലതും മറച്ചുപിടിക്കുന്ന നീക്കങ്ങളുണ്ടാകുന്നുവെന്നും അന്വേഷണ നടപടി കൂടുതല്‍ സുതാര്യമാകണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എമ്മിലെ എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സി.പി.എമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കൊള്ളയായതിനാല്‍ എസ്.ഐ.ടി അന്വേഷണത്തിന് പരിമിതികളുണ്ടെന്നും അതുകൊണ്ടാണ് ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണമെന്നും ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇരുവരെയും ഒരേ ദിവസമാണ് ചോദ്യം ചെയ്തത്. കടകംപള്ളി സുരേന്ദ്രനെ മൂന്നര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തതായാണ് വിവരം.