ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്തും പാക് അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാര്‍ലമെന്ററി കമ്മിറ്റിയോട് വ്യക്തമാക്കി. എന്നാല്‍ അത്തരത്തിലുള്ള തന്ത്രപ്രധാനമായ സൈനിക നീക്കം ഇതാദ്യമായാണ് പരസ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം മുമ്പ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയെ തിരുത്തുന്നതാണ് ജയശങ്കറിന്റെ വെളിപ്പെടുത്തല്‍.

‘പ്രൊഷണല്‍ രീതിയില്‍, ലക്ഷ്യം നിശ്ചയിച്ച് ഭീകരവാദികള്‍ക്കെതിരെ നമ്മുടെ സൈന്യം മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്.’ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റിയിലെ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അടങ്ങുന്നതാണ് പാര്‍ലമെന്ററി കമ്മിറ്റി. യോഗത്തില്‍ രാഹുല്‍ ചോദ്യമൊന്നും ചോദിച്ചില്ല.

ഇത്തരം ആക്രമണം മുമ്പും നടത്തിയിട്ടുണ്ടെന്ന് കരസേനാ ഡെപ്യൂട്ടി ചീഫ് ബിപിന്‍ റാവത്തും പറഞ്ഞു.