X

ബംഗാൾ ഉൾക്കടലിൽ `മിദ്ഹിലി’ ചുഴലിക്കാറ്റ്; കേരളത്തിൽ മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ

ബംഗാൾ ഉൾക്കടലിൽ `മിദ്‌ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികളുണ്ട്. നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190 കി.മി അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയിൽ 200 കി.മി അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കി.മി അകലെയുമായാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്.

ചുഴലിക്കാറ്റ് രൂപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 19-ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

webdesk13: