ലഖ്‌നൗ:ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദലിത് നേതാവ് ഗോപി പര്യ(28)യെയാണ് വെടിവച്ചുകൊന്നത്. അടുത്താഴ്ച അംബേദ്കര്‍ ജയന്തി ദലിത് വിഭാഗം ആഘോഷിക്കാനിരിക്കെയാണ് ഗോപി പര്യയെ വെടിവെച്ചുകൊന്നത്. സംഭവത്തില്‍ ഭയന്ന് ഗ്രാമത്തിലെ ദലിത് യുവാക്കള്‍ പാലായനം ചെയ്യുകയാണ്. ഗോപി പര്യയെ ദലിത് ബന്ദിലെ അക്രമകാരിയെന്ന് ആരോപിച്ചു നേരത്തെ സംഘപരിവാര്‍ ഹിറ്റ്‌ലിസ്റ്റ് പുറത്തിറക്കിയിരുന്നു. ഇതു പിന്നീട് വന്‍ വിവാദമായിരുന്നു.

ഏപ്രില്‍ 14ന് ദലിതര്‍ ആഘോഷിക്കാനിരിക്കുന്ന അംബേദ്ക്കര്‍ ജയന്തി അലങ്കോലമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമായാണ് കൊലപതാകമെന്നു സംശയിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. അതേസമയം എന്തുവന്നാലും അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കുമെന്ന് മീററ്റിലെ ദലിതര്‍ പറഞ്ഞു. ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി.ഗോപി പര്യയെ ഒന്നാം പേരുകാരനാക്കി സംഘപരിവാര്‍ പുറത്തിറക്കിയ ലിസ്റ്റടക്കം ഉള്‍പ്പെടുത്തി ഗ്രാമവാസികള്‍ പോലീസിന് പരാതി നല്‍കി.