ഭോപ്പാല്‍: പീഡനക്കേസ് പിന്‍വലിക്കാത്തതിനാല്‍ ദളിത് വിദ്യാര്‍ഥിനിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് 23 വയസ്സുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അനില്‍ മിശ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയിരുന്നു. അത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയിരുന്നില്ല. ഇന്നലെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ അനില്‍ മിശ്ര പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ച് തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് കൊട്വാലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ അരവിന്ദ് ജെയ്ന്‍ പറഞ്ഞു.

തനിക്കുനേരെയുള്ള പീഡനപരാതി പിന്‍വലിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.