അഹമ്മദാബാദ്: ദലിത് സമുദായത്തോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ദലിതുകള്‍ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നു. ഉന താലൂക്കിലെ സാംദിയ ഗ്രാമത്തിലുള്ള 300 ദലിതുകളാണ് ഇന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഞങ്ങളെ ഹിന്ദുക്കളായി പരിഗണിക്കുന്നില്ല. ഞങ്ങള്‍ക്ക് അമ്പലത്തില്‍ പ്രവേശനം അനുവദിക്കുന്നില്ല. അതുകൊണ്ട് തങ്ങള്‍ മതം മാറുകയാണെന്ന് ദലിതര്‍ വ്യക്തമാക്കി.

പോര്‍ബന്തറിലെ ബുദ്ധ സന്യാസിമാരും പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പിന്നോക്ക ജാതിയില്‍പ്പെട്ടവരായതിനാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് തുടര്‍ച്ചയായി ആക്രമണവും അവഹേളനവും നേരിടുന്നതായി ദലിത് സംഘടനാ പ്രവര്‍ത്തകനായ രമേശ് സര്‍വയ്യ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുഇടങ്ങളില്‍ പോലും ഞങ്ങള്‍ അപമാനിക്കപ്പെടുന്നു. കുട്ടികളെയും സ്ത്രീകളെയും വരെ അവര്‍ വെറുതെ വിടുന്നില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ല. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ദലിത് സമൂഹത്തെ വേട്ടയാടാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. ഞങ്ങളെ മനുഷ്യരായി പോലും അവര്‍ കണക്കാക്കുന്നില്ല. ജാതി വിവേചനത്തില്‍ മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ബാബാ സാഹേബ് അംബേദ്കറിന്റെ പാത പിന്‍പറ്റുകയാണ്- രമേശ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉനയില്‍ പരമ്പരാഗതമായി പശുക്കളുടെ തോല്‍ സംസ്‌കരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട ദലിതരെ ഗോവധം ആരോപിച്ച് സംഘ്പരിവാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ദലിത് മുന്നേറ്റത്തിന് തുടക്കമായത്.