ബാലരാമപുരം: കിണറ്റിന്‍കരയിലിരുന്ന് മദ്യപിച്ച മൂന്ന് പേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. പൂവാര്‍ സ്വദേശി സുരേഷാണ് മരിച്ചത്.

ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍ സിങ് എന്നിവര്‍ രക്ഷപ്പെട്ടു.

ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍കരയില്‍ വച്ച് മദ്യപിക്കുകയായിരുന്നു. മൂന്ന് പേരും വളരെ ഉച്ചത്തില്‍ സംസാരിച്ചിരുന്നതിനാല്‍ തന്നെ അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് സംസാരം കേള്‍ക്കാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര അഗ്നിരക്ഷാസേനാ അംഗങ്ങള്‍ മൂന്നുപേരെയും കിണറ്റില്‍നിന്നു കരയില്‍ കയറ്റി. എന്നാല്‍, സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുണ്‍സിങ്ങിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്.