മലപ്പുറം: കടബാധ്യതകളിൽ വീർപ്പുമുട്ടി ആത്മഹത്യയെക്കുറിച്ച് ആലോചിച്ച പാലായിലെ ബിന്ദുവും കുടുംബവും തിരിച്ചുകിട്ടിയ ജീവിതത്തിന് നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി. വീട് ജപ്തിചെയ്യുമെന്ന ഭീഷണിയിൽ ആകെ തകർന്ന അവസ്ഥയിലാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ബിന്ദുവിനെയും കുടുംബത്തെയും സഹായിക്കാനായി എത്തിയത്. അഞ്ചു ലക്ഷമാണ് ജപ്തി നടപടികളൊഴിവാകാൻ വേണ്ടിയിരുന്നത്. മറ്റു വഴികളെല്ലാം അടഞ്ഞതോടെ ‘പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരോടെങ്കിലുമോ ഞങ്ങളുടെ കാര്യം ആരെങ്കിലും പറയുമോ” എന്നായിരുന്നു ബിന്ദുവിന്റെ അഭ്യർഥന. തുടർന്ന് ഇക്കാര്യം മുനവ്വറലി തങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ബിന്ദുവിന്റെ മകൾ വിഷ്ണുപ്രിയയുടെ അക്കൗണ്ടിലേക്ക് പണമെത്തിത്തുടങ്ങി. വൈകാതെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പാലാ പൈകയിലാണ് ബിന്ദുവും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ഹൃദ്രോഗിയും വൃക്കരോഗിയുമാണ്. അഞ്ചുസെന്റ് ഭൂമിയും വീടും ബാങ്കിൽ പണയപ്പെടുത്തി അഞ്ചുലക്ഷം രൂപ വായ്പയെടുത്താണ് ചികിത്സ നടത്തിയത്. ചെറിയൊരു ചായക്കടയുണ്ടെങ്കിലും കുടുംബത്തിന്റെ ചെലവിനും ചികിത്സയ്ക്കും അതു തികയാതായി. ലോക്ഡൗണിൽ കച്ചവടമില്ലാതായതോടെ തിരിച്ചടവ് മുടങ്ങി. ഇതിനിടെയാണ് ജപ്തിനോട്ടീസ് പതിപ്പിച്ചത്. രണ്ടു മക്കളുമായി തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണ് മുനവ്വറലി തങ്ങളുടെ ഇടപെടൽ വഴി ഒഴിവായത്.