ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമം. ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലുള്ള പ്രതിഷേധ മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചില്ല. മാര്‍ച്ച് ഡല്‍ഹിയിലേക്ക് കടക്കും മുമ്പ് പൊലീസും അര്‍ധസൈനിക വിഭാഗവും മാര്‍ച്ച് തടഞ്ഞു. കുത്തിയിരുന്നു പ്രതിഷേധിച്ച കര്‍ഷകര്‍ പിന്നാലെ ട്രാക്ടര്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകരെത്തിയ വാഹനങ്ങളുടെ ടയറിന്റെ കാറ്റും പൊലീസ് അഴിച്ചു വിട്ടു.

ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. നിലവില്‍ ഡല്‍ഹി അതിര്‍ത്തി മേഖലയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിലേക്ക് കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്രം വൈകാതെ ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കണമെന്നു മുഖ്യമന്ത്രി കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. സമരക്കാര്‍ ഇപ്പോഴും പിരിഞ്ഞു പോയിട്ടില്ല. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സെപ്റ്റംബര്‍ 23ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിന് ഡല്‍ഹി രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കു മുന്നില്‍ ഉപവാസത്തിനായിരുന്നു കര്‍ഷകരുടെ തീരുമാനം. അവിടെവച്ച് സമരം അവസാനിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രതിഷേധ പ്രകടനം. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി. ഏകദേശം എഴുപതിനായിരത്തോളം പേര്‍ ഇവിടേക്കെത്തി. 20,000 പേരെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍, വിള ഇന്‍ഷുറന്‍സ്, ചെറുകിട കര്‍ഷകര്‍ക്കു സഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. ഹരിയാനയും ഉത്തര്‍പ്രദേശുമായി ഡല്‍ഹി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഈ മേഖലകളെല്ലാം കര്‍ഷകര്‍ വളഞ്ഞിരിക്കുകയാണ്.