ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്‍ മജന്ത ലൈന്‍ മെട്രോ പാത നാടിന് സമര്‍പ്പിച്ചത്. അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്ന താണ് മെട്രോയുടെ പുതിയ പാത.

നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്ലാഗ് ഓഫും പ്രധാന മന്ത്രി നിര്‍വ്വഹിച്ചു. കഴിഞ്ഞദിവസം പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ പാളം തെറ്റിയ മെട്രോയുടെ ഉദ്ഘാടനമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിയെ അവഗണിച്ച് നടത്തിയത്. ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷിസങ്കേതം സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ദല്‍ഹി അരവിന്ദ് കെജ്രിവാള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.