ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിരോധിക്കാന്‍ റോഡുകളില്‍ കൂര്‍ത്ത കമ്പികള്‍ പാകി പൊലീസ്. നിരനിരയായി ബാരിക്കേഡുകള്‍ നിരത്തിയും എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയും റോഡില്‍ കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്പുകമ്പികള്‍ പാകിയുമാണ് പോലീസ് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. മധ്യത്തില്‍ ഇവ ഉറപ്പിക്കുന്നതിനായി കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. ഡല്‍ഹിഹരിയാണ അതിര്‍ത്തിയില്‍ എടുത്തുമാറ്റാവുന്ന സിമന്റ് ചുമരുകളാണ് തടസ്സം സൃഷ്ടിക്കാനായി സ്ഥാപിച്ചിരിക്കുന്നത്.

ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുര്‍ ഒരു പട്ടാളക്ക്യാമ്പിന് സമാനമാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ദ്രുതകര്‍മസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്. നിരനിരയായി ബാരിക്കേഡുകളും ദീര്‍ഘദൂരത്തോളം ഇവിടെ നിരത്തിയിട്ടുണ്ട്. കാല്‍നടയായി മുന്നേറുന്ന കര്‍ഷകരെ തടയാനായി മുളളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.

അതിര്‍ത്തികളില്‍ പോലീസ് അതീവ സുരക്ഷയൊരുക്കുന്ന ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇത്രയും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തികളാണോ ഇതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്.