കൊണ്ടോട്ടി: നെടിയിരുപ്പില്‍ കഴിഞ്ഞയാഴ്ച മുഴക്കം അനുഭവപ്പെട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാലാണ് കേസെടുത്തത്. കഴിഞ്ഞ 23ന് രാത്രി പത്തുമണിയോടെയാണ് കൊണ്ടോട്ടി നെടിയിരുപ്പ് മേഖലയില്‍ വന്‍ മുഴക്കവും തുടര്‍ന്ന് പ്രകമ്പനവും അനുഭവപ്പെട്ടത്. ഭൂചലനമെന്ന് കരുതി നാട്ടുകാര്‍ റോഡിലിറങ്ങിയിരുന്നു.

24ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാടുകളൊന്നും കണ്ടെത്തിയില്ല. ജിയോളജി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭൂചലനമല്ലെന്ന് വ്യക്തമായി. സ്‌ഫോടനത്തെത്തുടര്‍ന്നാണ് മുഴക്കവും പ്രകമ്പനവുമുണ്ടായതെന്നാണ് അനുമാനമെങ്കിലും തെളുവുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.