ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘപരിവാർ നടത്തിയ മുസ്‌ലിം
വംശഹത്യയിൽ പ്രതിചേർക്കപ്പെട്ട് ആറ് മാസമായി ഡൽഹി മണ്ടോളി സെൻട്രൽ ജയിലിലായിരുന്ന മുസ്തബാദ് സ്വദേശി ഇല്യാസിന് ജാമ്യം ലഭിച്ചു. ഡൽഹി കെഎംസിസി യുടെ നിയമസഹായ സമിതിയുടെ ഇടപെടലിനെ തുടർന്നാണ് ഡൽഹി ഹൈകോടതി കഴിഞ്ഞദിവസം ഇല്യാസിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി അവസാനത്തിൽ നടന്ന മുസ്‌ലിം വംശഹത്യയെ തുടർന്ന് പോലീസ് അന്വേഷണങ്ങളുടെ ഭാഗമായി മാർച്ച് 17 നാണ് 28 വയസുകാരനായ ഇല്യാസിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിത്യ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഇല്യാസിൻ്റെ മാതാപിതാക്കൾക്ക് കേസിൻ്റെ നാൾവഴികളിൽ ഡൽഹി പോലീസ് തീർത്ത പ്രതിബന്ധങ്ങളെ മറികടക്കാനാകുമായിരുന്നില്ല. തുടർന്ന് ഡൽഹി കെഎംസിസി നിയമ സഹായം നൽകുകയും കേസ് ഏറ്റെടുക്കുകയും ചെയ്തു.രണ്ട് എഫ്ഐആറുകളാണ് ഇല്യാസിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. മെയ് മാസത്തിൽ ആദ്യ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അപ്പോഴാണ് മറ്റൊരു കേസ് കൂടി അദ്ദേഹത്തിനെതിരെ എതിരെ ചുമത്തുന്നത്. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇല്യാസിന് പുറത്തിറങ്ങാനായത്.

‘ജയിലിനു പുറത്ത് നിന്ന് ഇനി പുറം ലോകം കാണാനും , സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു ശ്വസിക്കാനുമാകുമെന്നോ കരുതിയതല്ല, നിയമപ്പോരാട്ടത്തിൽ സഹായിച്ചതിന് ഒരുപാട് നന്ദി’ എന്നായിരുന്നു ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇല്യാസിൻ്റെ പ്രതികരണം. ഡൽഹി വംശഹത്യയുടെ ഇരകളായ സമുദായത്തിലെ യുവാക്കളെ തന്നെ വ്യാപകമായി വേട്ടയാടുകയാണ് ഡൽഹി പോലീസ്. നിരവധി ചെറുപ്പക്കാരാണ് ഇല്യാസിനെ പോലെ മാസങ്ങളായി ജയിലിൽ കിടക്കുന്നത്. അവർക്കൊക്കെ നിയമപരമായി ഗുണമുണ്ടാക്കുന്നതാണ് ഇപ്പോഴുള്ള ഈ കോടതി വിധി. ഡൽഹി കെഎംസിസി ക്ക് വേണ്ടി അഡ്വ: ആദിൽ സൈഫുദ്ദീൻ ആണ് കോടതിയിൽ ഹാജരായത്. ഡൽഹി കെഎംസിസി ഭാരവാഹികളായ അഡ്വ: ഹാരിസ് ബീരാൻ, അഡ്വ: മർസൂഖ് ബാഫഖി, മുഹമ്മദ് ഹലീം, ജിഹാദ് പി.പി, അജ്മൽ മുഫീദ്, അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.