X
    Categories: CultureMore

നോട്ട് നിരോധനം അരുണ്‍ ജെയ്റ്റ്‌ലി അറിഞ്ഞിരുന്നോ? വിചിത്ര മറുപടിയുമായി ധനമന്ത്രാലയം

അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അറിവോടെയായിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രാലയം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യുടെ വിവരാവകാശ അന്വേഷണത്തിനാണ് ധനമന്ത്രാലയം വ്യക്തതയില്ലാത്ത മറുപടി നല്‍കിയിരിക്കുന്നത്.

നേരത്തെ, ധനമന്ത്രിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും നോട്ട് നിരോധനത്തെപ്പറ്റി അറിഞ്ഞിരുന്നോ എന്ന കാര്യം വിവരാവകാശ നിയമത്തിലെ ‘വിവര’ത്തിന്റെ കീഴില്‍ വരുന്നതല്ലെന്ന് പ്രധാന മന്ത്രിയുടെ ഓഫീസും റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു.

വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനുള്ള രേഖകള്‍ മന്ത്രാലയത്തിന്റെ പക്കല്‍ ഉണ്ടെന്നും എന്നാല്‍ മറുപടി നല്‍കാന്‍ ആവില്ലെന്നുമാണ് പി.ടി.ഐക്ക് ലഭിച്ചിരിക്കുന്ന മറുപടി. ‘രാജ്യത്തിന്റെ പരാമധികാരത്തെയും സമഗ്രതയെയും സുരക്ഷയെയും ബാധിക്കുന്ന’ വിവരങ്ങള്‍ ആര്‍.ടി.ഐ പ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന വകുപ്പാണ് വിവരം നിഷേധിക്കാന്‍ ധനമന്ത്രാലയം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതേസമയം, നോട്ട് നിരോധനം ധനമന്ത്രിയുടെ അറിവോടെയായിരുന്നോ എന്ന കാര്യം രാജ്യ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് മന്ത്രാലയം വിശദീകരിക്കുന്നില്ല.

നോട്ട് നിരോധനം സംബന്ധിച്ച ആര്‍.ടി.ഐ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ് ബാങ്കും വിസമ്മതിച്ചിരുന്നു. നിരോധനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ പാര്‍ലമെന്ററി കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: