അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടി വിട്ടു. 2001 മുതല്‍ അഞ്ചു വര്‍ഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു ദേബ്. ബാഗ്ബാസ നിയമസഭാ മണ്ഡലത്തിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ബിപ്്‌ലാബ് കുമാര്‍ ദേബിന് നല്‍കിയ രാജിക്കത്തില്‍ അദ്ദേഹം അറിയിച്ചു.

അപ്രതീക്ഷിതവും നിര്‍ഭാഗ്യവുമെന്നായിരുന്നു രാജിയെ കുറിച്ച് ബി.ജെ.പിയുടെ പ്രതികരണം. 60 അംഗ നിയമസഭ മണ്ഡലങ്ങളില്‍ 51 മണ്ഡലങ്ങളിലേക്കാണ് ബി.ജെ.പി മത്സരിക്കുന്നത്. ഒമ്പത് സീറ്റുകള്‍ ആദിവാസികള്‍ക്ക് പ്രത്യേക സ്വയംഭരണ പ്രദേശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഇന്റിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരക്കുമാണ് (ഐ.പി.എഫ്.ടി) അനുവദിച്ചത്.