റിയാദ്: സഊദി രാജകുമാരനും അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണറുമായ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിനും ഏഴ് ഉദ്യോഗസ്ഥരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. യമന്‍ അതിര്‍ത്തിയിലാണ് മുഖ്‌റിനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല. സാഹിലിയ മേഖലയില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. അസീര്‍ മേയര്‍, ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി, മാനേജര്‍ തുടങ്ങിയവരും ഹെലികോപ്ടറിലുണ്ടായിരുന്നു. അബഹയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ തീരദേശ മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. 2015 ജനുവരിക്കും ഏപ്രിലിനുമിടക്ക് സഊദി കിരീടാവകാശിയായിരുന്ന മുന്‍ ഇന്റലിജന്‍സ് മേധാവി മുഖ്‌റിന്‍ ബിന്‍ അബ്ദുല്‍അസീസിന്റെ മകനാണ് കൊല്ലപ്പെട്ട മന്‍സൂര്‍ രാജകുമാരന്‍. ഈവര്‍ഷം ഏപ്രിലിലാണ് അദ്ദേഹത്തെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്.