ഭോപ്പാല്‍: അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൊലീസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. മധ്യപ്രദേശിലാണ് സംഭവം.

ഭാര്യയെ വീട്ടിനുളളില്‍ വെച്ച് പുരുഷോത്തം ശര്‍മ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. മുഖത്തടിച്ചും കഴുത്തുപിടിച്ച് തിരിച്ചും മുടിയില്‍ പിടിച്ച് വലിച്ചുമായിരുന്നു മര്‍ദ്ദനം. അതിനിടെ രണ്ടുപേര്‍ പുരുഷോത്തം ശര്‍മ്മയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നിലത്തേയ്ക്ക് തളളിയിട്ട ശേഷവും ഒരു ദയയുമില്ലാതെയുളള മര്‍ദ്ദനം തുടര്‍ന്നു.

മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. മറ്റൊരു സ്ത്രീയോടൊപ്പമുളള ഭര്‍ത്താവിന്റെ വീഡിയോ ഭാര്യ കണ്ടെത്തി. ഇതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വീഡിയോ പുറത്തുവന്നതോടെ മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കത്തിയെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയെ ആക്രമിച്ചതെന്നാണ് ഡിജിപിയുടെ വിശദീകരണം.