വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 2011-നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്‍ ബെസ്റ്റ് ആയ 150 റണ്‍സ് നേടിയപ്പോള്‍ ധോണി 134 റണ്‍സെടുത്തു. കേദാര്‍ ജാദവ് (22), ഹര്‍ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ അവസാന ഓവറുകളില്‍ തിളങ്ങി.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്‍ (5), ശിഖര്‍ ധവാന്‍ (11), ക്യാപ്ടന്‍ വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റും വോക്‌സിനായിരുന്നു. മൂന്നിന് 25 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.

98 പന്തില്‍ നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്‍ 150 റണ്‍സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്‍ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് അദ്ദേഹം പുറത്തായത്.

തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്‍കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്‍ മാറ്റിയ മുന്‍ ക്യാപ്ടന്‍ 106 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്‍ 134 റണ്‍സ് നേടി പ്ലങ്കറ്റിന്റെ പന്തില്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.

ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കേദാര്‍ ജാദവ് 10 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്‍സ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ 9 പന്തില#് 19-ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്‍ 16-ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

10 ഓവറില്‍ 91 റണ്‍സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്‍സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്‍ 10 ഓവറില്‍ 80 റണ്‍സ് വഴങ്ങി.