മുംബൈ: നായക സ്ഥാനത്ത് നിന്നും വിടവാങ്ങിയ മഹേന്ദ്രസിങ് ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ ടീമിനെ നയിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദാണ് വിടവാങ്ങല്‍ മത്സരത്തിന്റെ സൂചന നല്‍കിയത്.

വ്യാഴാഴ്ച മുംബൈയിലെ ബ്രാബോറിന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പകല്‍-രാത്രി മത്സരത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റനാകുക. ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, യുവരാജ് സിങ് തുടങ്ങി പ്രമുഖരെല്ലാം മത്സരത്തില്‍ ഇന്ത്യക്കായി പാഡുകെട്ടും. മലയാളി താരം സഞ്ജുവും കളത്തിലിറങ്ങും.

മത്സരത്തിന് തത്സമയ സംപ്രേഷണമൊരുക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇരുപതിനായിരത്തോളം കാണികള്‍ ‘ ക്യാപ്റ്റന്‍ ധോണിക്ക് ‘ യാത്രയയപ്പ് നല്‍കാന്‍ വരുമെന്നാണ് കണക്കാക്കുന്നത്.