പൂണെ: ടീം പഴയ ടീമല്ലെങ്കിലും കാപ്റ്റന്‍ സ്ഥാനവുമില്ലേലും ധോനി പഴയ ധോനി തന്നെയെന്ന തെളിയിച്ച മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൂണെക്ക് ജയം. ബെസ്റ്റ് ഫിനിഷര്‍ എന്ന തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ച ധോനിയുടെ പെര്‍ഫോമന്‍സില്‍ പൂണെ വിജയതീരമണിഞ്ഞു. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പൂണെക്കായി അവസാന പന്ത് ബൗണ്ടറി കടത്തിയാണ് ധോനി കളി ജയിപ്പിച്ചത്.

34 പന്തില്‍ 5 ഫോറിന്റെയും 3 സിക്‌സറിന്റെയും സഹായത്തോടെ പുറത്താകാതെ 61 റണ്‍സ് നേടിയ ധോനിയും മനോജ് തിവാരിയും ചേര്‍ന്നുണ്ടാക്കിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ആറു വിക്കറ്റിനാണ് പൂണെയുടെ വിജയം.

വിജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി പൂണെ നാലാം സ്ഥാനത്തേക്ക് കയറി. ഏഴു മത്സറങ്ങളില്‍ നിന്ന് മൂന്നാം തോല്‍വി വഴങ്ങിയ നിലവിലെ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടു പോയന്‍ുമായി മൂന്നാം സ്ഥാനത്തുണ്ട്.

28 പന്തില്‍ 6 ബൗണ്ടറിയും 2 സിക്‌സറുമുള്‍പ്പടെ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മോയ്‌സ് ഹെന്റിക്വസ് ആണ് സണ്‍റൈസേഴ്‌സിനെ 176 എന്ന സ്‌കോറിലെത്തിച്ചത്. ഡേവിഡ് വാര്‍ണര്‍ (40 പന്തില്‍ 43), ശിഖര്‍ ധവാന്‍ (29 പന്തില്‍ 30), കെയ്ന്‍ വില്യംസണ്‍ (14 പന്തില്‍ 21) ദീപക് ഹൂഡ (10 പന്തില്‍ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂണെക്ക് വേണ്ടി ടോപ്‌സ്‌കോറായ ധോനിക്ക് പുറമെ 41 പന്തില്‍ 59 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠി, 21 പന്തില്‍ 27 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്ത്, 8 പന്തില്‍ 17 റണ്‍സെടുത്ത മനോജ് തിവാരി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ അവസാന പുഞ്ചിരി പൂണെയുടേതായി.