കോഴിക്കോട്: ഡോ. എം.കെ മുനീര്‍ മുസ്്‌ലിംലീഗ് നിയമസഭാകക്ഷി നേതാവാകുമ്പോള്‍ മഹത്തായ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മുസ്്‌ലിംലീഗിന്റെ സമുന്നതനായ നേതാവ് സി.എച്ച് മുഹമ്മദ്‌കോയയുടെ പുത്രന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ അന്തസ്സാര്‍ന്ന ഒരു രാഷ്ട്രീയ പാരമ്പര്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്ന് നിയമസഭയില്‍ എത്തിയ സമാജികന്‍ കക്ഷിനേതാവാകുന്ന ആദ്യത്തെ നേതാവാണ് മുനീര്‍ എന്ന പ്രത്യേകതയും ഉണ്ട്. സി.എച്ച്്് ലീഗിന്റെ നിയമസഭാ കക്ഷിനേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവെങ്കിലും മലപ്പുറം ജില്ലയുടെ പ്രതിനിധയായിരുന്നു. 1957 മുതല്‍ നിയമസഭയില്‍ ലീഗിന്റെ കക്ഷിനേതാവായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. പാര്‍ലമെന്റ് മത്സരത്തിനായി രംഗമൊഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സി.എച്ച് മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1983 സെപ്റ്റംബര്‍ 28ന് സി.എച്ച് മരണമടയുമ്പോള്‍ സി.എച്ച് ഉപമുഖ്യമന്ത്രിയും മരാമത്ത് വകുപ്പിന്റെ ചുമതലക്കാരനുമായിരുന്നു. 1959 കാലയളവില്‍ സീതിസാഹിബും സി.എച്ച് മരിച്ചതിനുശേഷം ഇടക്കാലത്ത് അവുക്കാദര്‍കുട്ടി നഹയും നിയമസഭാകക്ഷി നേതാക്കളായി. സി.എച്ചിന്റെ മരണസമയം എം.കെ മുനീര്‍ എം.ബി.ബി.എസിന് പഠിക്കുകയായിരുന്നു. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. മുനീറിന്റെ പഠനത്തിനുള്ള സഹായം സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.

പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായ മുനീര്‍ 1987ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കമിട്ടത്. സി.എച്ച് കോര്‍പറേഷനിലേക്ക് മത്സരിച്ച കുറ്റിച്ചിറ വാര്‍ഡില്‍ നിന്നായിരുന്നു മുനീറിന്റെയും തുടക്കം. 1991ലും 96ലും കോഴിക്കോട് രണ്ടില്‍ നിന്ന് നിയമസഭയില്‍ എത്തിയ മുനീര്‍ 2001ല്‍ മലപ്പുറത്ത് നിന്ന് വിജയം നേടി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. 2011ല്‍ കോഴിക്കോട്ട് നിന്ന്്് വീണ്ടും നിയമസഭയില്‍ എത്തിയ മുനീര്‍ പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രിയായി. 2016ല്‍ കോഴിക്കോട് നിന്ന് വീണ്ടും നിയമസഭയില്‍ എത്തിയ ഡോ. മുനീര്‍ ഐ.എന്‍.എല്ലിലെ എ.പി അബ്ദുല്‍വഹാബിനെയാണ് പരാജയപ്പെടുത്തിയത്.
രാഷ്ട്രീയനേതാവ് എന്നതില്‍ ഉപരിയായി ഗ്രന്ഥകര്‍ത്താവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഗായകന്‍, ചിത്രകാരന്‍ എന്നീ നിലകളിലെല്ലാം മുനീറിന്റെ സാന്നിധ്യം കേരളത്തിന് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ മുനീര്‍ പ്രകടിപ്പിച്ച വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടു. 2011ല്‍ സാമൂഹ്യനീതിവകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ ജെന്‍ഡര്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്യാനുള്ള ക്രമീകരണം വരുത്തിയതും ഇദ്ദേഹമാണ്. അതിന്റെ ഗുണഫലങ്ങള്‍ സമൂഹം ഇന്നും അനുഭവിക്കുകയാണ്. 1991 മുതല്‍ മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവായി തുടരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത്.
ഫാഷിസവും സംഘപരിവാറും എന്ന പേരില്‍ മുനീര്‍ എഴുതിയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരികമേഖലയില്‍ മുനീര്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ചിത്രകാരന്‍ എന്ന നിലയില്‍ മുനീര്‍ വരച്ച ചിത്രങ്ങളും കാര്‍ട്ടൂണുകളും നിയമസഭയില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിയമസഭാകക്ഷി നേതാവെന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ മുനീറിന് കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മുസ്്‌ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ നയിക്കു്ന്നതോടൊപ്പം ചന്ദ്രികയെ ദീര്‍ഘകാലം എഡിറ്റര്‍ എന്ന നിലയില്‍ നയിക്കുകയും ചെയ്ത സി.എച്ച് മുഹമ്മദ്‌കോയയുടെ പാത പിന്തുടര്‍ന്ന്്് മുനീറും മുസ്്‌ലിംലീഗ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയാണ്.് ചന്ദ്രിക ഡയറക്ടര്‍ എന്ന നിലയിലും മുനീറിന്റെ സേവനം പാര്‍ട്ടിക്കും സമുദായത്തിനും ലഭിക്കുന്നു.