ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറക്ക് വിടണമെന്ന് എം.എം മണി. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിന് സമാനമെന്നും സംഘികള്‍ക്ക് വേണ്ടി ഉപജാപം നടത്തുകയാണ് സബ് കളക്ടര്‍ എന്നും എം.എം മണി തുറന്നടിച്ചു. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നടന്ന പൊതുയോഗത്തിലാണ് മണി ദേവികുളം സബ് കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ചത്.

”ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്തിടത്താണ്. അത് പൊളിക്കാന്‍ ഒരു കോന്തന്‍ വന്നാല്‍ അവന് തലക്ക് സുഖമില്ല. അവനെ ഊളമ്പാറക്ക് വിടണം. നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത് അതാണ്”-മണി പറഞ്ഞു.

ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കൈമാറിയിട്ടില്ല. അയോധ്യയിലെ പള്ളിപൊളിച്ചത് പോലെയാണ് കുരിശ് പൊളിച്ചത്. ആര്‍.എസ്.എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കളക്ടര്‍ കുരിശ് പൊളിച്ചത്. ആര്‍.എസ്.എസ്സിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ട. ആര്‍.എസ്. എസ്സിന് വേണ്ടി ഉപജാപം നടത്തുകയാണ് സബ് കളക്ടര്‍ ചെയ്യുന്നത്. ഞങ്ങള്‍ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കുമൊപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണ്. റവന്യൂ വകുപ്പിനെതിരെയും അതിരൂക്ഷമായ ആക്രമണമാണ് പ്രസംഗത്തിലുടനീളം നടത്തിയത്.