തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അടിക്കടി നിലപാട് മാറ്റുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാവുന്നു. സമരത്തില്‍ പാര്‍ട്ടി പിന്നോക്കം പോകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ രംഗത്തെത്തി.

ശബരിമല സമരത്തില്‍ നിന്ന് ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും പിന്‍മാറാനോ ഒത്തുതീര്‍പ്പുണ്ടാക്കാനോ കഴിയില്ലെന്നാണ് വി. മുരളീധരന്‍ വെള്ളിയാഴ്ച പറഞ്ഞത്. ശബരിമലയില്‍ ഇനി സമരമില്ലെന്നും ഇനി സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരമെന്നും സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇത് സമരത്തില്‍ നിന്ന് പിന്‍മാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ശ്രീധരന്‍പിള്ള വിരുദ്ധ വിഭാഗം ആരോപിക്കുന്നത്.

ജയിലില്‍ കഴിയുന്ന കെ.സുരേന്ദ്രനെ പുറത്തിറക്കാന്‍ ബി.ജെ.പി നേതൃത്വം വേണ്ട രീതിയില്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. ശ്രീധരന്‍പിള്ളയെ താല്‍ക്കാലിക പ്രസിഡണ്ടായാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തെ മാറ്റുകയാണെങ്കില്‍ കെ.സുരേന്ദ്രന്റെ പേരാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് സുരേന്ദ്രനെ പുറത്തിറക്കാന്‍ വലിയ തിടുക്കം കാണിക്കാത്തതെന്നും ആക്ഷേപമുണ്ട്.