ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്.
15,000 രൂപയാണ് മത്സരാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ടത്. ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ചെക്ക് ആയോ മൊബൈല്‍ വാലറ്റുകള്‍ മുഖേനയോ തുക നല്‍കിയാല്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 15 പേരാണ് ഇതുവരെ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതില്‍ എഴുപേരുടെ അപേക്ഷ പ്രാഥമിക മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ തള്ളിയിരുന്നു. ശേഷിച്ചവരെല്ലാം നോട്ടിന്റെ രൂപത്തില്‍ തന്നെയാണ് തുക നല്‍കിയിരിക്കുന്നത്.
പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനും കള്ളനോട്ട് പരിശോധിക്കുന്നതിനും ഒരു ബാങ്ക് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരിട്ടു നല്‍കുന്നതിനു പുറമെ റിസര്‍വ് ബാങ്കിലും പണമടക്കാം. ഇതിന്റെ രസീത് നാമനിര്‍ദേശ പത്രികക്കൊപ്പം ഉള്‍കൊള്ളിക്കണമെന്ന് മാത്രം. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 20ന് വോട്ടെണ്ണും.