ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് റൈഡ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് കേസില്‍ പൊലീസ് നടന്റെ വീട്ടില്‍ റൈഡ് നടത്തുന്നത്.

അതിനിടെ പ്രതിഭാഗം മുദ്രവെച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കോടതിക്ക് കൈമാറി. കോടതിയുടെ മേല്‍നോട്ടല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ വേണ്ടിയാണ് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ കോടതിയെ സമര്‍പ്പിച്ചതെന്ന് പ്രതിഭാഗം വക്കീല്‍ അഡ്വ. രാംകുമാര്‍ പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് കേസ് കഴിഞ്ഞ് പ്രതികരിക്കാം എന്നായിരുന്നു രാംകുമാറിന്റെ മറുപടി.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റിവെച്ചു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി മാറ്റിയത്.