തിരുവനന്തപുരം: നടന്‍ ദിലീപിന് വെല്‍കം ടു സബ്ജയില്‍ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇടതുസര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികള്‍ സ്വീകരിച്ചുവെന്നും കൊടിയേരി പറഞ്ഞു.

നടന്‍ ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുളളതായിരുന്നു. ഈ പ്രസ്താവന വഴി കേരള പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമായെന്നും അതൊരു സിനിമാ നടന്റെ അറസ്റ്റില്‍ വരെ എത്തിച്ചുവെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ ഒരാളുടെ സ്ഥാനം എന്തായാലും ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളിയായാല്‍ നിയമവാഴ്ചയ്ക്ക് വിധേയനായെ പറ്റുവെന്നും കോടിയേരി പറഞ്ഞു. സ്ത്രീ സംരക്ഷണത്തിനാണ് ഇടതുസര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയില്ലെന്ന പരാമര്‍ശം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ പരാമര്‍ശം അന്വേഷണത്തെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് കൊടിയേരി പറയുന്നത്.